Wednesday, June 1, 2016

ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍


പി.കെ വിജയകുമാര്‍
(ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍)

ന്‍ഷുറന്‍സ് പോളിസികള്‍ ഓരോരുത്തര്‍ക്കും പരിരക്ഷ ഉറപ്പു വരുത്തുന്നു. എന്നാല്‍ പോളിസിയെടുക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്യാവശ്യത്തിന് ലഭിക്കേണ്ട പരിരക്ഷ നമുക്ക് നഷ്ടപ്പെട്ടെന്നിരിക്കും. ആദ്യമായി മനസിലാക്കേണ്ടത് പോളിസിയെടുക്കാനായി നിങ്ങളെ സമീപിക്കുന്ന ഏജന്റുമാര്‍ക്കോ, കമ്പനികള്‍ക്കോ നിങ്ങളുടെ അഭിവൃദ്ധിയേക്കാളും അവര്‍ക്ക് കിട്ടുന്ന കമ്മീഷനിലായിരിക്കും താല്‍പ്പര്യം എന്നതാണ്. അടുത്ത ബന്ധുക്കള്‍ തന്നെയാണ് ഏജന്റ് എങ്കില്‍ പോലും വ്യവസ്ഥകള്‍ വിശദമായി വായിച്ച് മനസിലാക്കിയതിനു ശേഷം മാത്രമേ പോളിസിയെടുക്കാന്‍ പാടുള്ളൂ. ഇപ്പോള്‍ മാതൃഭാഷയിലും പോളിസി നിബന്ധനകള്‍ ലഭ്യമാണ്. വ്യക്തിപരമായ വിവരങ്ങള്‍ സത്യസന്ധമായി എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോറം ഏജന്റിനെ കൊണ്ട് പൂരിപ്പിക്കാതെ സ്വയം പൂരിപ്പിച്ച് നല്‍കുന്നത് വഴി തെറ്റുകള്‍ കടന്നു കൂടുന്നത് ഒഴിവാക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതു കൊണ്ടു മാത്രം ഒരു ക്ലെയിം നിരസിക്കപ്പെടാം.

പരാതികള്‍ ധാരാളം
വാഹന ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ രംഗങ്ങളില്‍ ധാരാളം പരാതികള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചപോലെ സത്യം മറച്ചുവെച്ച് ആരോഗ്യപോളിസികള്‍ എടുക്കരുത്. ഇന്‍ഷുറന്‍സ് ഉണ്ട് എന്ന കാരണം കൊണ്ട് മാത്രം ആശുപത്രികളില്‍ അനാവശ്യമായ ടെസ്റ്റുകള്‍ക്ക് വിധേയമാകരുത്. പ്രസവം, അനപത്യത (കിളലൃശേഹശ്യേ), ദന്തചികില്‍സ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല. ജന്മനാ ഉള്ള രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ ഇവയും പരിരക്ഷയുടെ പരിധിക്കു പുറത്താണ്.

ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനിയും വന്‍തോതില്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനം ആയി ഉയര്‍ത്തിയതോടൊപ്പം വിദേശ കമ്പനികള്‍ ഈ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. കമ്പനികള്‍ തമ്മിലുള്ള മല്‍സരത്തില്‍ ബലിയാടാവുന്നത് പാവപ്പെട്ട പോളിസി ഉടമകളാണ്. അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1.   ഇന്‍ഷുറന്‍സില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്നത് മിഥ്യാധാരണയാണ്. പരിരക്ഷയാണ് ലഭിക്കുന്നത്.

2. അപേക്ഷഫോമുകള്‍ ശ്രദ്ധിച്ച് വായിച്ചുനോക്കി, സ്വയം പൂരിപ്പിച്ചശേഷം മാത്രം ഒപ്പിടുക.

3. പോളിസി കിട്ടിക്കഴിഞ്ഞാല്‍ അതിലെ നിബന്ധനകള്‍ വായിച്ചുനോക്കി, തൃപ്തികരമല്ലെങ്കില്‍ 15 ദിവസത്തിലോ, ഒരു മാസത്തിലോ പോളിസി റദ്ദ് ചെയ്യാവുന്നതാണ്.

4. വസ്തുതകള്‍ മറച്ചുവെക്കരുത്. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായും രേഖപ്പെടുത്തണം, പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ പ്രത്യേകിച്ചും.

5. പ്രീമിയം കൃത്യസമയത്ത് അടയ്ക്കുക. പ്രീമിയം അടച്ചില്ലെങ്കില്‍ പരിരക്ഷ ലഭിക്കാതെ വരുമെന്ന സത്യം ഓര്‍ത്തിരിക്കണം.

6. ഇന്‍ഷുറന്‍സ് പോളിസികള്‍ ഒരു ഉല്‍പ്പന്നം പോലെ കണക്കാക്കി അവ വാങ്ങുന്നതിനു മുമ്പ് അതിന്റെ എല്ലാ വശങ്ങളും വിലയിരുത്തുക. ലക്ഷക്കണക്കിന് രൂപ വിലയുള്ളവയാണ് പോളിസികള്‍ എന്ന വാസ്തവം പലരും അവഗണിക്കുന്നു. ഒരു സാരിയോ ഷര്‍ട്ടോ വാങ്ങാന്‍ മണിക്കൂറുകള്‍ ചെലവാ
ക്കുന്ന നാം അഞ്ച് മിനിറ്റില്‍ ലാഘവത്തോടെ ഒരു പോളിസി എടുക്കുന്നു. ഇത് തിരുത്തേണ്ട പ്രവണതയാണ്.

7. ഇന്‍ഷുറന്‍സ് കമ്പനിയെ നിങ്ങളുടെ നഷ്ടത്തെക്കുറിച്ച് വളരെ പെട്ടെന്ന് അറിയിക്കണം. ഉദാഹരണത്തിന് വാഹനാപകടം, വാഹനമോഷണം, വീടിന് സംഭവിക്കുന്ന അപകടങ്ങള്‍, വീട്ടിലെ വസ്തുമോഷണം എന്നിവ അവ സംഭവിച്ച് 24 മണിക്കൂറിനുളളില്‍ കമ്പനിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. പൊലീസ് അധികാരികള്‍ എകഞ രേഖപ്പെടുത്തുവാന്‍ വൈകിയാലും ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ടതാണ്.

8. Insurance is a subject matter of solicitation എന്ന വാചകം ഇന്‍ഷുറന്‍സ് കമ്പനികളുടെ പരസ്യത്തോടൊപ്പം എല്ലാവരും കേട്ടിരിക്കും. ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്തെന്ന് പലര്‍ക്കും അറിയുകയില്ല. ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കപ്പെടുകയല്ല മറിച്ച് ഉപഭോക്താക്കള്‍ വാങ്ങുകയാണ് എന്നതാണ് ഇതിന്റെ പൊരുള്‍. പോളിസിയുടെ എല്ലാ വശങ്ങളും പരിശോധിച്ച് തൃപ്തിപ്പെട്ട ശേഷം ഒരു വ്യക്തി പോളിസികള്‍ വാങ്ങിയാല്‍ പിന്നീട് കപട വിപണനം നടത്തി എന്ന് പരാതിപ്പെടുവാന്‍ നിയമപരമായി നിവൃത്തിയില്ല.

9. വളരെയധികം ചിന്തിച്ചശേഷം ഓരോരുത്തരും സ്വന്തം പ്രായം, ആരോഗ്യം, വരുമാനം എന്നിവ കണക്കിലെടുത്ത് പോളിസികള്‍ എടുക്കുക. പ്രധാനമന്ത്രിയുടെ സുരക്ഷാഭീമ, ജീവന്‍ജ്യോതി, അടല്‍ പെന്‍ഷന്‍ എന്നീ പദ്ധതികള്‍ പ്രയോജനപ്പെടുത്താം.

No comments: