Wednesday, June 1, 2016

ജീവന്‍ ശിഖര്‍, ജീവന്‍ പ്രഗതി നികുതി ഇളവിനോടൊപ്പം സമ്പാദ്യവും സുരക്ഷിതത്വവും


എല്‍.ഐ.സി വിപണിയിലേക്ക് എത്തിച്ചിട്ടുള്ള ഏറ്റവും പുതിയ പോളിസികളാണ് ജീവന്‍ ശിഖര്‍, ജീവന്‍ പ്രഗതി എന്നിവ. ആദായ നികുതി ഇളവിനോടൊപ്പം സമ്പാദ്യത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷക്കുമൊക്കെ പ്രാമുഖ്യം കൊടുത്തിട്ടുള്ള പുതിയ എന്‍ഡോവ്‌മെന്റ് പോളിസികളാണിവ. ഇക്കഴിഞ്ഞ ജനുവരിയില്‍ വിപണിയിലെത്തിച്ച ജീവന്‍ ശിഖര്‍ പോളിസി 2016 മാര്‍ച്ച് 31 വരെ മാത്രമേ വിപണിയില്‍ ലഭ്യമാകുകയുള്ളൂ. 2016 ഫെബ്രുവരിയില്‍ എല്‍.ഐ.സി പുറത്തിറക്കിയ മറ്റൊരു പുതിയ പോളിസിയാണ് ജീവന്‍ പ്രഗതി. വ്യത്യസ്ത സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് രണ്ട് പോളിസികളെയും എല്‍.ഐ.സി അവതരിപ്പിച്ചിരിക്കുന്നത്.

ജീവന്‍ ശിഖര്‍ 
ഒറ്റ തവണ പ്രീമിയം മാത്രമുള്ള പോ ളിസിയാണ് ജീവന്‍ ശിഖര്‍. അടയ്ക്കുന്ന പ്രീമിയം തുകയുടെ 10 ഇരട്ടി ഇന്‍ഷുറന്‍സ് സംരക്ഷണം ഉണ്ടെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. പ്രീമിയം തുകക്ക് ഇന്‍കം ടാക്‌സ് സെക്ഷന്‍ 80 ഇ പ്രകാരം ആദായ നികുതി ഇളവ് നേടാമെന്ന് മാത്രമല്ല പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ ലഭിക്കുന്ന തുകക്കും നികുതി ഇളവ് ലഭിക്കുന്നതാണ്.

ഒരു ലക്ഷം മുതലുള്ള പോളിസികള്‍ ഈ പ്ലാനില്‍ ലഭ്യമാണ്. 15 വര്‍ഷമാണ് കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മച്യുരിറ്റി സം അഷ്വേര്‍ഡും കൂടാതെ ലോയല്‍റ്റി അഡിഷനും ചേര്‍ന്നുള്ള തുക ലഭിക്കും. വായ്പാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നതാണ് ജീവന്‍ ശിഖറിന്റെ മറ്റൊരു ആകര്‍ഷണീയത. 6 വയസ് മുതല്‍ 45 വയസ് വരെ മാത്രമുള്ളവര്‍ക്കേ ഈ പോളിസി എടുക്കാനാകൂ. 10 വയസ്സുള്ള ഒരു കുട്ടിക്ക് 1 ലക്ഷത്തിന്റെ പോളിസിക്കായി 41300 രൂപയും 5 ലക്ഷത്തിന്റെ പോളിസിക്ക് 1,96,136 രൂപയും ഒറ്റ തവണ പ്രീമിയമായി അടയ്ക്കണം. പോളിസി എടുത്ത് 3 മാസം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും അതില്‍ നിന്നും വായ്പ നേടാവുന്നതാണ്.

പോളിസി എടുത്ത് 5 വര്‍ഷത്തിന് ശേഷം ഉടമയ്ക്ക് ജീവഹാനി സംഭവിച്ചാല്‍ അവകാശികള്‍ക്ക് പ്രീമിയം തുകയുടെ 10 ഇരട്ടിയാണ് ഇന്‍ഷുറന്‍സ് സംരക്ഷണമായി എല്‍.ഐ.സി വാഗ്ദാനം ചെയ്യുന്നത്. എപ്പോള്‍ വേണമെങ്കിലും പോളിസി സറണ്ടര്‍ ചെയ്യുന്നതിനും സാധിക്കും. ഉയര്‍ന്ന തോതിലുള്ള ഇന്‍ഷുറസ് സംരക്ഷണം, ആദായ നികുതി ഇളവ്, വായ്പാ സൗകര്യം, ഒറ്റ തവണ പ്രീമിയം, വരുമാനം തുടങ്ങിയ ഘടകങ്ങളൊക്കെ സമന്വയിപ്പിച്ചിട്ടുള്ള ഒരു പോളിസിയാണ് ജീവന്‍ ശിഖര്‍.

ജീവന്‍ പ്രഗതി
പോളിസിയുടെ കാലാവധിക്കുള്ളില്‍ ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും ഇന്‍ഷുറന്‍സ് സംരക്ഷണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നതാണ് ജീവന്‍ പ്രഗതിയുടെ പ്രധാന പ്രത്യേകത. ഒന്നര ലക്ഷം രൂപയാണ് ജീവന്‍ പ്രഗതിയിലെ ഏറ്റവും കുറഞ്ഞ പോളിസി തുക. 12 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മാത്രമേ ഈ പോളിസിയില്‍ ചേരാനാകുകയുള്ളൂ. പോളിസി എടുത്ത് 3 വര്‍ഷത്തിന് ശേഷം അതില്‍ നിന്നും വായ്പ നേടാനാകും.
വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, ത്രൈമാസികം, പ്രതിമാസം എന്നീ കാലയളവുകളില്‍ പ്രീമിയം അടയ്ക്കാനാകും. 12 മുതല്‍ പരമാവധി 20 വര്‍ഷം വരെയാണ് പോളിസി കാലാവധി. ജീവഹാനിക്ക് എതിരെയുള്ള സംരക്ഷണം ഓരോ 5 വര്‍ഷം കഴിയുമ്പോഴും ഉയരുന്നതാണ്. ഇതിലൂടെ പോളിസി തുകയുടെ ഇരട്ടി തുകക്ക് വരെ ഇന്‍ഷുറന്‍സ് സംരക്ഷണം നേടാനാകും. പോളിസി എടുത്തശേഷം ആദ്യത്തെ 5 വര്‍ഷത്തിനുള്ളില്‍ ജീവഹാനിയുണ്ടായാല്‍ പോളിസി തുക പൂര്‍ണ്ണമായും 10 വര്‍ഷത്തിനുള്ളില്‍ അതിന്റെ 125 ശതമാനവും 15 വര്‍ഷത്തിനുള്ളില്‍ 150 ശതമാനവും 20 വര്‍ഷത്തിനുള്ളില്‍ 200 ശതമാനവും അവകാശികള്‍ക്ക് ലഭിക്കുന്നതാണ്.

25 വയസുള്ള ഒരു വ്യക്തി ഒന്നര ലക്ഷം രൂപയുടെ പോളിസിക്ക് പ്രതിമാസം 661 രൂപയും 3 ലക്ഷത്തിന്റെ പോളിസിക്ക് പ്രതിമാസം 1282 രൂപയും പ്രീമിയമായി അടയ്ക്കണം.

പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മച്യുരിറ്റി സം അഷ്വേര്‍ഡും ബോണസും ചേര്‍ന്ന തുക ഉടമയ്ക്ക് ലഭിക്കുന്നതാണ്.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത് 

ജീവന്‍ ശിഖര്‍, ജീവന്‍ പ്രഗതി എന്നിവ പൂര്‍ണ്ണമായും എന്‍ഡോവ്‌മെന്റ് പോളിസികളാണ്. നികുതി ഇളവ്, വരുമാനം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നീ 3 ഘടകങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പോളിസികളാണിവ. അതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒരു ഘടകത്തിന് മാത്രം പ്രാമുഖ്യം നല്‍കിക്കൊണ്ട് ഇത്തരം പോളിസികള്‍ തെരഞ്ഞെടുക്കാനാകില്ല. സാധാരണ എന്‍ഡോവ്‌മെന്റ് പോളിസികളില്‍ 6 മുതല്‍ 7 ശതമാനം വരുമാന നേട്ടം മാത്രമേ പ്രതീക്ഷിക്കാനാകൂ. ഉയര്‍ന്ന തോതിലുള്ള വരുമാനം ഇത്തരം പോളിസികള്‍ ലക്ഷ്യമിടുന്നില്ല. പരിമിതമായ വരുമാനത്തോടൊപ്പം സംരക്ഷണവും നികുതി ഇളവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത്തരം പോളിസികള്‍ ഏറ്റവും അനുയോജ്യമായിട്ടുള്ളത്.
- See more at: http://www.dhanamonline.com/ml/articles/details/15/2588#sthash.ZAP9jyD4.dpuf

No comments: